22 April 2011

61-65

ജനപ്രിയ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ മുന്‍ നിര്‍ത്തിയുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍, എല്‍.ഡി.എഫിന് 61 മുതല്‍ 65വരെ സീറ്റു ലഭിക്കാനാവുമെന്ന് സി.പി.എം ഔദ്യോഗിക വിഭാഗത്തിന്റെ കണക്ക്. വി.എസ് തരംഗം ഉണ്ടായാല്‍ അത് 71 മുതല്‍ 75വരെ ഉയരും.

വി.എസിനെ കിട്ടാന്‍ എസ്.ശര്‍മയെ ഇടനിലക്കാരനാക്കി

തൃശൂര്‍: കണ്ണൂരിലേക്ക് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കിട്ടാന്‍ ഔദ്യോഗികപക്ഷം മന്ത്രി എസ്.ശര്‍മയെ ഇടനിലക്കാരനാക്കിയെന്ന് വിവരം.
വി.എസ് ഫാക്റ്റര്‍ മുതലെടുക്കാന്‍ കേന്ദ്രകമ്മിറ്റിയംഗവും മട്ടന്നൂര്‍ സ്ഥാനാര്‍ഥിയുമായ ഇ.പി.ജയരാജന്‍ അദ്ദേഹത്തിന്റെ പരിപാടി ലഭിക്കാന്‍ പ്രയാസപ്പെട്ടത്. എ.കെ.ജിയുടെ ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായെത്തിയ വി.എസ്സിനെ, കണ്ണൂര്‍ ഗസ്റ്റ് ഹൌസില്‍ ഏറെ കാത്തിരുന്നാണ് ഇ.പി.ജയരാജന് കാണാനായത്.
വി.എസ്സാണ് താരമെന്ന് വരുത്തിതീര്‍ക്കാതിരിക്കാന്‍ പിണറായി വിജയന്‍ കൊണ്ടുവന്ന പോസ്റ്റര്‍ വിവാദം കമ്യൂണിസ്റ്റ് തത്വത്തിലധിഷ്ഠിതമായിരുന്നു. എന്നാല്‍, വി.എസിലൂടെ അധികാരം നിലനിര്‍ത്താന്‍ പിണറായി പക്ഷം കര്‍ക്കശ നിലപാടുകള്‍ക്കും അയവുവരുത്തുകയായിരുന്നു. ഔദ്യോഗികപക്ഷത്തെ ശക്തനായ ഇ.പി.രജയാരന്‍ തന്റെ മണ്ഡലത്തിലേക്ക് വി.എസിനെ കൊണ്ടുവരാന്‍ ശ്രമിച്ചതോടെ മറ്റുപലരും പിറകെ കൂടി. ആദ്യം എതിര്‍പ്പുണ്ടായെങ്കിലും പിന്നീട് പിണറായി വിജയന്റെ അറിവോടെയാണത്രെ ഇതെല്ലാം നടന്നത്. മട്ടന്നൂരിലെ നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളം സാധ്യമാക്കിയത് വി.എസ്സെന്ന നിലയിലാണ് ജയരാജന്റെയും പ്രചാരണം.
ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും വി.എസ്സിന്റെ ചിത്രംവച്ച് വോട്ടുപിടിച്ചു. മന്ത്രിമാരായ തോമസ് ഐസക്കും എം.എ.ബേബിയും ജി.സുധാകരനുമെല്ലാം വി.എസ് ചിത്രങ്ങള്‍ ഒപ്പം ചേര്‍ത്തു. വി.എസിന് സീറ്റ് നല്‍കണമെന്ന് സെക്രട്ടേറിയറ്റില്‍ വാശി പിടിച്ച മന്ത്രി പി.കെ.ശ്രീമതി നേരത്തെതന്നെ പക്ഷം ചേര്‍ന്നു.

30 March 2011

ഇങ്ങനെയൊരാള്‍ വന്നാല്‍ ഒരു ചരിത്രവും വഴിമാറില്ല

സാംസ്കാരിക തലസ്ഥാനമാണ് തൃശൂര്‍. അങ്ങിനെയെന്നുകരുതി സാംസ്കാരിക നായന്‍മാര്‍ എം.എല്‍.എയെ ആകണമെന്നില്ല. ഏതെങ്കിലുമൊരു നായരായാല്‍മതിയെന്നാണ് തൃശൂരുകാരുടെ മതം. കത്തോലിക്കര്‍ക്കുകൂടി സര്‍വ്വസമ്മതനായ നായരാണെങ്കില്‍ കേമം.
സ്ഥിരം ഒരാള്‍ സ്ഥാനാര്‍ഥിയാവരുതെന്ന യൂത്തന്‍മാരുടെ കേഴലുകള്‍ പഴങ്കഥയാണിപ്പോള്‍. നാട്ടിലിറങ്ങിയാല്‍ വോട്ടുചെയ്യുന്നവര്‍ പറയുന്നത് വേറെ കഥകളാണ്. വയസായെന്നുകരുതി ആളെ കണ്ടാല്‍ തലകുമ്പിടുന്ന സ്വഭാവം കാരണവര്‍ക്കില്ല. സാംസ്കാരിക നായകനെന്ന സ്വയം ഭാവത്താല്‍ നിസാരക്കാരെ കണ്ടാല്‍ കണ്ടഭാവം നടിക്കാത്ത സ്ഥാനാര്‍ഥി ജയിച്ചാല്‍ പിന്നെ ആരുടെ മുഖത്തും നോക്കില്ലത്രെ. 'ഇങ്ങനെയൊരാള്‍ വന്നാല്‍ ഒരു ചരിത്രവും വഴിമാറില്ല'-വോട്ടര്‍മാര്‍ ഇത്രയും പറയുമ്പോഴാണ് യുവനേതാവിന് വേദന.
'ബൈപാസ്' വഴി പാര്‍ട്ടിയില്‍ സ്ഥിരപ്രതിഷ്ഠ നേടിയതിനാല്‍ ഒന്നുംപേടിക്കേണ്ടെന്നായിരുന്നു കരുതിയത്. ആ പാവം സെക്രട്ടറിയെ 'വെട്ടാന്‍' മന്ത്രിക്കുകൂട്ടുനിന്നതിനാലാണ് ബാലറ്റിലിടം കിട്ടിയത്. മല്‍സരത്തിനിറങ്ങുമ്പോള്‍ ശരീരം വിയര്‍ക്കണം, ആളുകളെ കണ്ടാല്‍ ചിരിക്കണം, താഴെക്കിടയിലുള്ളവര്‍ക്ക് കൈ കടുക്കണം...ഇത്രയും വെറുപ്പുള്ള പരിപാടികള്‍ വേറെയില്ല. പഠിക്കുമ്പോള്‍ ഇതൊക്കെ ചെയ്യുമായിരുന്നു. നന്നായി പ്രസംഗിക്കും. ആളുകളുമായി നല്ലപോലെ ഇടപഴുകും. പഠനത്തിനിടെ തൃശൂരില്‍ പാര്‍ട്ടി സെക്രട്ടറിയാവേണ്ടി വന്നതോടെയാണ് ഈ മാറ്റമുണ്ടായതെന്ന് പിന്‍തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലായി. ഇനിയതൊന്നു മാറ്റാനാവില്ല.
പ്രസംഗിക്കാന്‍ മടി, സംസാരിക്കാന്‍ മടി, ചിരിക്കാന്‍ മടി...എന്തിനുപറയുന്നു നടക്കാന്‍പോലും മടിയാണിപ്പോള്‍. ഇതൊക്കെ ഈ നാട്ടുകാര്‍ക്കും അറിയാമെന്നതാണ് പൊല്ലാപ്പ്. സ്വന്തം നാട്ടുകാര്‍ക്കിടയില്‍ പേരിനൊരാള്‍ എന്ന മട്ടാണ്. ഇവിടെ ഇങ്ങനെയും. തലക്കനമുളള പാവങ്ങളെ ജീവിക്കാനും ഈ വോട്ടര്‍മാര്‍ സമ്മതിക്കില്ലെന്നുവച്ചാല്‍.
ഒപ്പമുള്ള ചില സാംസ്കാരിക സഹപ്രവര്‍ത്തകര്‍ക്കാണെങ്കില്‍ ഇവിടെ വോട്ടുമില്ല. വോട്ടുള്ളവരാണെങ്കില്‍ കൂട്ടുമില്ല. ഇത്തരം വേദനകളൊന്നും ആരും അറിയുന്നില്ല. മാധ്യമങ്ങള്‍ക്ക് വേണ്ടത് രാഷ്ട്രീയ ചര്‍ച്ചയാണ്. സിറ്റിങ് എം.എല്‍.എയില്‍ നിന്ന് വ്യത്യസ്ഥമായി എന്തുചെയ്തുവെന്നൊക്കെയാണ് അവര്‍ക്കറിയേണ്ടത്. തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ച അമല-മണ്ണുത്തി ബൈപാസും റിങ് റോഡുകളും പണിയുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് തൃപ്തിയായി. ഇവന്‍മാരാണ് എല്ലാറ്റിനും പ്രശ്നം. ജയിച്ചുവന്നാല്‍ എല്ലാവര്‍ക്കും എന്നെ അറിയിച്ചുകൊടുക്കും...തീര്‍ച്ച

29 March 2011

പ്രഫസറുടെ നിക്കറുകീറാന്‍ ട്രവസറിട്ട്

അയാള്‍ പ്രഫസറല്ല, അഡ്വക്കറ്റായ എനിക്ക് വോട്ടുചെയ്യുന്നതാണ് ബുദ്ധി. പ്രഫസറാണെന്ന് പറഞ്ഞ് പറ്റിച്ചാണ് കഴിഞ്ഞ തവണ അയാള്‍ നിങ്ങളുടെ വോട്ടുവാങ്ങിയത്. പ്രഫസര്‍മാര്‍ സൈക്കിള്‍ ചവിട്ടിനടക്കുമെന്ന് നിങ്ങളന്ന് വിശ്വസിച്ചു. ഞാന്‍ കാട്ടിത്തരാം പ്രഫസര്‍മാരെ. പ്രഫസറാണെങ്കില്‍ എന്‍ഡോസള്‍ഫാനെന്ന് പറയാനെങ്കിലുമറിയണം. ഇതുവെറും പരിഷത്തും പരീക്ഷണവും മാത്രമാണ്.
പാര്‍ട്ടി സഖാക്കള്‍ക്ക് പരിഷത്തുയോഗത്തില്‍ ക്ളാസെടുത്താല്‍ കിട്ടുന്ന പദവിയല്ല പ്രഫസര്‍. പ്രഫസര്‍ക്ക് വേണമെങ്കില്‍ കൊടകര വികസനമെന്ന പേരില്‍ ഗുരുവായൂരപ്പന് കദളിപ്പഴം നട്ടുണ്ടാക്കി നല്‍കാം. ഒരു ചന്ദനമരം പോലും വച്ചുണ്ടാക്കാനാവില്ല. ചന്ദനമരത്തിന്റെ കാതലറിയില്ല. അത്തരം അനുഭവങ്ങള്‍ അതുവേറെ തന്നെ. ആ അനുഭവ'സമ്പത്തു'ള്ളവര്‍ക്കെ ഈ വിശ്വത്തിന്റെ നാഥനാകാനൊക്കൂ. കൊടകര സുസ്ഥിര വികസന പദ്ധതിയുടെ പേരുപറഞ്ഞാണ് ഇവിടെ വീണ്ടും മല്‍സരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. വേറെവിടെയോ, തൃശൂരാണെന്ന് തോന്നുന്നു; ആദ്യം നിശ്ചയിച്ചതവിടെയാണ്. പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞാണ് പുതുക്കാടുതന്നെ പുള്ളിക്കാരന്‍ ഇരുപ്പുറപ്പിച്ചത്. ഇതൊന്നും നിങ്ങള്‍ അംഗീകരിക്കരുത്. ഞാനാണിനി നിങ്ങളുടെ നാഥന്‍. നിങ്ങളോടുള്ള ആത്മാര്‍ഥതകൊണ്ടാണ് പിള്ളേരുമുന്നില്‍ ചാടിയിട്ടും നടക്കാന്‍ കഴിയാത്തിടത്ത് ഇതിനൊരുമ്പിട്ടത്.
കുട്ടീടെ കല്ല്യാണത്തിന് വന്നപ്പോള്‍ നിങ്ങള്‍ കണ്ടില്ലെ? തീര വയ്യായിരുന്നു. പ്രഷറും ഷുഗറും ഒക്കെയുണ്ട്. ഈ വെള്ള ട്രവസറിന്റെ കീശയില്‍ മരുന്നാണ്. ഉഷാറാണെന്ന് കാട്ടാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പര്യടനം കഴിഞ്ഞ് രാത്രി വന്നാല്‍ ഉറങ്ങാന്‍പോലും കഴിയാത്ത വിധം തളര്‍ച്ചയാണ്. എന്നാലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജയിച്ചാല്‍ വലിയ പണിയൊന്നുമില്ലല്ലോ.
കാര്യം കുറെ കേസും കൂട്ടവുമൊക്കെയുണ്ടായിരുന്നെങ്കിലും ശനിദശമാറി. ഏതാനും ചില ചില്ലറ കേസുകളാണ് സഹകരണ മേഖലയുമായി ബന്ധപ്പെട്ട് ശേഷിക്കുന്നത്. തടസ്സം പിള്ളേരുമാത്രമാണ്. മൂത്തവരില്‍ ചിലര്‍ വടക്കാഞ്ചേരിയിലും തൃശൂരിലുമൊക്കെ കളത്തിലിറങ്ങിയതിനാല്‍ ആ ശല്യം ഉണ്ടാവില്ല. ഇനി രക്ഷ നിങ്ങള്‍ മാത്രം...

കൊടുങ്ങല്ലൂരിലെ പ്രതാപവും വിലാപവും

ചരിത്രമുറങ്ങുന്ന മണ്ണാണിത്. ഇവിടെ കണ്ണീരണിയരുത്. കാര്യം പാര്‍ട്ടി ദേശീയ-സംസ്ഥാന-ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റികളിലൊക്കെ ഇരിക്കാന്‍ അധികാരമുള്ള നേതാവാണെങ്കിലും കരച്ചലിന് കുറച്ചലൊന്നുമുണ്ടാവില്ല. ഒരാഗ്രഹം മാത്രമാണിപ്പോള്‍ സാക്ഷാല്‍ക്കരിച്ചതെന്ന ബോധ്യത്തില്‍ മാത്രല്ല, പോരാട്ടപാതയില്‍ നില്‍ക്കുന്നത്. നാടിന്റെ പ്രതാപം തന്നിലാണെന്ന ഉത്തമബോധ്യത്തിലാണ്. ഇതുമായി ചേര്‍ത്ത് സ്വപ്നങ്ങളനേകം കണ്ടുകഴിഞ്ഞു.
ഇനി കാക്കേണ്ടത് കൊടുങ്ങൂക്കാവിലമ്മയും തട്ടകത്തെ കാരണവന്‍മാരും അവരുടെ പിന്‍മുറക്കാരായ വോട്ടര്‍മാരുമാണ്. സ്വന്തം ചിഹ്നത്തില്‍ സ്വന്തം പേരില്‍ വോട്ടുചെയ്യാന്‍ എതിരാളിക്കാവില്ലെന്ന് പറയാം. പക്ഷെ, സിറ്റിങ് എം.എല്‍.എയുണ്ടാക്കിവച്ച പുകില് തനിക്ക് പുലിവാലായെന്ന മട്ടാണ് പുള്ളിക്ക്. എതിരാളി നിസാരക്കാരനല്ല. വോട്ടറെ പിടിച്ചാല്‍ പിടിവിടില്ല. തനിക്കുനേരെ വരുന്ന വോട്ടറാണെങ്കില്‍ മുന്‍ എം.എല്‍.എയുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്.അഞ്ചുകൊല്ലം വെറുതെയായെന്ന് പറയുന്ന നാട്ടില്‍ എം.എല്‍.എ കുറ്റിയടിച്ചുനില്‍ക്കുകയാണ്. തന്നെ ജയിപ്പിക്കാനെന്നാണ് ഉള്ളില്‍. ഇങ്ങേരിങ്ങനെ നിന്നാല്‍ ഞാനെങ്ങനെ ജയിക്കും. പോരാത്തതിന് വീടെടുത്ത് താമസിക്കാനാണ് മന്ത്രിയുടെ പരിപാടി. അതും എന്നെ 'ജയിപ്പിക്കാന്‍'. എന്റെ കാവിലമ്മേ ഇവന്‍മാരുരണ്ടും ചേര്‍ന്ന് എന്നെ തോല്‍പ്പിച്ചേ അടങ്ങൂ. ആ നാട്ടികയില്‍ നിന്ന് കുറച്ചു കോണ്‍ഗ്രസ് പ്രേമികളെത്തി പ്രതാപനെതിരെ വല്ല ചരടുവലികള്‍ നടത്താമെന്ന് പറഞ്ഞിരുന്നു. മന്ത്രി ഇവിടെ താമസമെന്നുകേട്ടതോടെ അവര്‍ പിന്‍മാറി. മന്ത്രിക്ക് മറ്റാരേക്കാളും പ്രതാപസല്ലാപമുണ്ടത്രെ. അവര്‍ ഇവിടെ വന്നെന്ന് മന്ത്രിയെങ്ങാനും അയാളോടുപറഞ്ഞാല്‍ കഥകഴിയുമെന്ന ഭീതിയാണവര്‍ക്ക്. അങ്ങനെ ആ സാധയതയും ഇല്ലാതായി.
മനസിലൊരാഗ്രഹം..നേരത്തെ പറഞ്ഞല്ലോ? അതിത്ര ഗതികേടാക്കുമെന്ന് കരുതിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇതേപേരിലുള്ള മണ്ഡലത്തില്‍ ഒന്നുനോക്കി. നടന്നില്ല. അവിടേക്ക് പാര്‍ട്ടി മാനദണ്ഡമെല്ലാം മറികടന്ന് സംസ്ഥാന നേതാവെത്തി. മന്ത്രിയായി. സ്ഥാനാര്‍ഥിയെ അറിഞ്ഞ് ദേഷ്യം വന്നപ്പോള്‍ ഒന്നു ബാംഗ്ളൂരില്‍ പോയത് ആരും ചെയ്തുപോകുന്ന കാര്യം മാത്രം. തിരിച്ചുവന്നപ്പോള്‍ മന്ത്രിയുടെ പകരക്കാരനായി താലൂക്ക് സഭയിലും ജില്ലാ വികസന സമിതിയിലും പോരാത്തതിന് കെ.എല്‍.ഡി.സിയിലും അവകാശം സ്ഥാപിക്കാനായി. ചെയ്തുപോയ തെറ്റിന് മനസില്‍ മാപ്പുപറഞ്ഞു.
ഇക്കുറി ആഗ്രഹിച്ചപോലെ സീറ്റായി. ഇനി ജയിക്കേണ്ട ബാധ്യത തനിക്കുമാത്രം. സ്വയം വരുത്തിവച്ചതാണല്ലോ?. അവിടെ എന്തുപ്രതാപം വന്നാലും ജയിക്കാനാകുമായിരുന്ന സ്ഥാനാര്‍ഥിയുണ്ട്. പക്ഷെ, അവനെ ഇപ്പോഴെ എം.എല്‍.എയാക്കിയാല്‍ പിന്നെ എനിക്കെന്തുനേട്ടം?. കുറേ വെള്ളം കുടിപ്പിച്ചവനല്ലെ, ഞാന്‍ തോറ്റാലും വേണ്ടില്ല, തല്‍ക്കാലം അവന്‍ എം.എല്‍.എയാവേണ്ട. ഞാനൊരു വീരശൂരപരാക്രമിയാണെന്ന് എങ്ങിനെ ബോധ്യപ്പെടുത്തും. ലാത്തിചാര്‍ജ്ജ് എന്നുകേള്‍ക്കുമ്പോഴേക്കും തലചുറ്റിവീഴുന്നവനാണെന്ന് പലരും കളിയാക്കുന്നു. നന്നായി പ്രസംഗിച്ചിരുന്ന ഞാന്‍ അഴീക്കോടിനെ അനുകരിക്കാന്‍ തുടങ്ങിയതോടെ വേദിയും കിട്ടാതെയായി. സ്വന്തം ശൈലി കൈവിടരുതായിരുന്നു. സംസ്ഥാന യുവജനങ്ങളെ നയിച്ചിട്ടും ഒരു മനക്കരുത്തില്ലാതെ പോയതും പ്രതിസന്ധിയായി.
കൊടുങ്ങല്ലൂരില്‍ നിന്ന് കിഴക്കോട്ടങ്ങ് അന്നമനടവരെ ഇതൊന്നും അറിയുന്നവരില്ലെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് മുന്‍ സെക്രട്ടറികൂടിയായ എം.എല്‍.എ നാട്ടുകാരുടെ ദേഹത്തും പട്ടാളചിട്ടയെടുത്തത്. നാശം.. ആ എ.എ.അഷ്റഫിനെ വേണം തല്ലാന്‍.. അയാള് റെബല്‍ നിന്നില്ലായിരുന്നെങ്കില്‍ രാധാകൃഷ്ണന്‍ വിജയിച്ചേനെ. അങ്ങിനെ കിട്ടുന്ന കച്ചിത്തുനരുമ്പില്‍ കരകയറാനും കഴിയുമായിരുന്നു. ഇനി രക്ഷ, വിജയസാധ്യതയുണ്ടായിരുന്ന അവന്‍മാരെ ഒപ്പം നിര്‍ത്തി മുന്നോട്ടുപോവുക തന്നെ...

ഇരിങ്ങാലക്കുടക്ക് അനിവാര്യമാകണം ആ 'വിജയ'ം

ഇരിങ്ങാലക്കുടയെന്നാല്‍ വിരിഞ്ഞ ആല്‍ക്കുട. ശ്രീകൂടല്‍മാണിക്യം ക്ഷേത്രോല്‍സവത്തിന് സമാപ്തികുറിക്കുന്ന പള്ളവേട്ട നടക്കുന്ന ആല്‍മരമാണ് ഇരിങ്ങാലക്കുടയുടെ 'ചിഹ്നം'. നഗരമധ്യത്തിലെ ആ ആല്‍ച്ചുവട്ടിലാണ് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെല്ലാം തങ്ങളുടെ നയം പ്രഖ്യാപിക്കുക.
ഇവിടെ നിന്നാല്‍ പക്ഷെ, നമ്മുക്ക് സ്ഥാനാര്‍ഥികളുടെ ഉള്ളിലെ തീയറിയില്ല. അതിന് അവരിലേക്കിറങ്ങിച്ചെല്ലണം. ആണൊരുത്തനോട് പൊരുതുകയെന്നത് പെണ്‍കരുത്തിന്റെ വില പുറത്തറിയിക്കുകയെന്നതാണ്. അഞ്ച് ആണുങ്ങളോടാണിവിടെ ഒരുകാലത്തെ തീപ്പൊരി നേതാവ് പൊരുതുന്നത്. 'വിജയ'സാധ്യതയുള്ള ഇവര്‍ക്ക് എതിരാളി സ്വന്തം മുന്നണി നേതാക്കളാണെന്ന് ആദ്യം പറയട്ടെ!.
വല്ല്യേട്ടന്റെയും ചെറിയേട്ടന്റെയും സെക്രട്ടറിമാര്‍ രണ്ടും ഒന്നു ചേര്‍ന്നതോടെ പ്രവര്‍ത്തനം ഇഴഞ്ഞു. ഇരുവരും ഇക്കുറി സ്ഥാനാര്‍ഥിക്കുപ്പായം തുന്നിച്ചവരാണ്. രണ്ടുപേര്‍ക്കും അതിന്റേതായ വഴിതുറന്നിരുന്നു. ഒരാള്‍ ചെയര്‍മാനും ഒരാള്‍ കണ്‍വീനറുമായതോടെ 'വിജയ' സാധ്യതയെ ഓര്‍ത്തു കരഞ്ഞു. ചെയര്‍മാനും സെക്രട്ടറിയും ഓഫിസിലെത്തുമ്പോഴേക്കും ഉച്ചസൂര്യന്‍ അസ്തമിക്കാനൊരുങ്ങിക്കാണും. നനഞ്ഞ പടക്കങ്ങള്‍ പൊട്ടിക്കാനാളില്ലെന്നത് ആ നാടിന്റെ തന്നെശാപം. അല്ലാതെന്തുപറയാന്‍.
മറുചേരി പണമിറക്കി വോട്ടുകൂട്ടുമ്പോള്‍, പാവം സ്ഥാനാര്‍ഥി അത്യാവശ്യത്തിനുപോലും പണമില്ലാതെ രാത്രി കണ്ണീര്‍വാര്‍ക്കുന്നു. പാവം കെട്ട്യോന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നത് മിച്ചം.
'ഇലക്ഷന്‍ മെഷിനറി'യുടെ അഖിലേന്ത്യാ സെക്രട്ടറിയായ ജില്ലാ സെക്രട്ടേറിയറ്റംഗമാണെങ്കിലോ കിട്ടുന്നിടത്തുനിന്നെല്ലാം പണം പിരിക്കുന്നു. നേരിയൊരോഹരി സ്ഥാനാര്‍ഥിക്ക് കൊടുക്കുന്നുണ്ടെന്ന് പറയാം. ഞാന്‍ ജയിക്കാത്തിടത്ത് വേറാര് ജയിക്കാന്‍-നേതാവിന്റെ മുഖഭാവമങ്ങനെ. പതിറ്റാണ്ട് മുമ്പ് ചാലക്കുടി നിയമസഭാ സീറ്റില്‍ ആകാശവാണി നാടകക്കാരിയായ മുന്‍ എം.പിയെ നേരിടാന്‍ ഈ 'വിജയ' സാധ്യത പരിഗണിച്ചേനെ.
ചാലക്കുടി മണ്ഡലം കാരിയായ ഇവര്‍ ഇരിങ്ങാലക്കുടക്കാരനായ ഒരുവനെ കെട്ടിയതാണ് 'വിന'യായത്. അതും അന്യമതസ്തനെ. ഇവിടം സാമ്രാജ്യമാക്കാന്‍ നോക്കികൊണ്ടിരിക്കെ, സെക്രട്ടേറിയറ്റംഗത്തിന്റെ പഞ്ചായത്തിലേക്കാണ് പുതുമണവാളനും കെട്ട്യോളും എത്തിയത്. അന്നുതീര്‍ന്നു കത്തിക്കല്‍.. ചാലക്കുടിയില്‍ നിന്ന് ഉയരങ്ങളിലേക്കുവരാന്‍ കഴിയുമായിരുന്ന തീപ്പൊരി നേതാവിന് അതൊരു പൊല്ലാപ്പായി. എന്നാല്‍, കെട്ട്യോന്‍ പാവത്താനായതിനാല്‍ പാര്‍ട്ടിയില്‍ പൊരുതാനുമായില്ല. ജില്ലാ പഞ്ചായത്തംഗമാക്കാന്‍ തീരുമാനിച്ചതാകട്ടെ, ഇരിങ്ങാലക്കുടയിലെ മാന്യനും മുന്‍ സെക്രട്ടറിയുമായ ഒരു മാഷാണ്. മാഷെ തെരഞ്ഞെടുപ്പിലൂടെ ഇല്ലാതാക്കി കസേര കയ്യടക്കിയ ഇപ്പോഴത്തെ ജില്ലാ സെക്രട്ടേറിയറ്റംഗം 'ഭരണം' തുടങ്ങിയതോടെ സ്ഥാനാര്‍ഥി പഞ്ചായത്തൊഴിഞ്ഞ് നഗരസഭയിലേക്ക് താമസം മാറ്റി. വക്കീല്‍പ്പണിയും കോടതിയും അല്‍പ്പം സംഘടനാപ്രവര്‍ത്തനവുമായി ഒതുങ്ങാന്‍ തീരുമാനിച്ചപ്പോള്‍, നഗരസഭയിലെ സഖാക്കള്‍ക്ക് നിര്‍ബന്ധം കൌണ്‍സിലറാവണമെന്ന്. തടസ്സം പറഞ്ഞില്ല, രണ്ടുവട്ടവും.
നിയമസഭാ സ്ഥാനാര്‍ഥി ആരാവണമെന്ന് ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ മാധ്യമങ്ങളാണ് ഈ പേരെടുത്തിട്ടത്. പാര്‍ട്ടി ഇങ്ങനെയൊന്ന് പരിഗണിച്ചേയില്ല...സത്യം..സത്യം...സത്യം...വടക്കാഞ്ചേരിയില്‍ ചേലക്കരക്കാരിയായ സഹപ്രവര്‍ത്തകയുടെ പേരും ഇരിങ്ങാലക്കുടയില്‍ മുന്‍ മേയറുടെ പേരുമാണ് ആലോചിച്ചത്. ചേലക്കരക്കാരിക്ക് സ്ഥാനാര്‍ഥി 'ഫിഗറി'ല്ലെന്നും കോര്‍പറേഷന്‍ തരിപ്പണമാക്കിയവരെ രംഗത്തിറക്കിയാല്‍ വിവരമറിയുമെന്നും ചില സംസ്ഥാന നേതാക്കള്‍ പറഞ്ഞതോടെയാണ് 'വിജയ' സാധ്യതാപട്ടികയില്‍ തെളിഞ്ഞത്.
ഇവര്‍ നിയമസഭയിലേക്ക് പോകേണ്ടവര്‍തന്നെയെന്നാണ് വിമര്‍ശകന്റെ നിലപാട്. സിറ്റിങ് എം.എല്‍.എയും നഗരപിതാവും പോരിനിറങ്ങിയാല്‍ അത് സാക്ഷാല്‍ക്കരിച്ചേക്കും. പക്ഷെ, ഞാന്‍ ജയിക്കാത്തിടത്ത്...

മാധ്യമപ്രവര്‍ത്തകര്‍ എന്താണ് കരുതുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പാണല്ലോ ഇന്ന് പത്രത്താളുകളിലും ടെലിവിഷന്‍ ചാനലുകളിലും മുഖ്യചര്‍ച്ച. നെട്ടോട്ടമോടുന്ന സ്ഥാനാര്‍ഥികളുടെ മാനസികാവസ്ഥയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ എന്താണ് കരുതുന്നത്. അഞ്ചുവര്‍ഷം എം.എല്‍.എക്കുള്ള ആനുകൂല്യം വാങ്ങി സുഖിക്കുകയെന്ന സ്വപ്നം കാണുന്ന ഒരാളോ?.
രാഷ്ട്രീയ മതിലുകള്‍ക്കപ്പുറത്തുനിന്ന് മാത്രമാണ് നിങ്ങള്‍ അവരെ നിരീക്ഷിക്കുന്നത്. മതിലിനുചേരെ കാണുന്ന ഇടുങ്ങിയ വഴിയിലൂടെ അവരുടെ അരികത്തിരിക്കുക. പുറത്തുപറയില്ലെന്നുറപ്പുപറഞ്ഞാല്‍ അവരില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിങ്ങളെ അലമ്പന്‍മാരാക്കില്ല. സ്വന്തം പാര്‍ട്ടികളില്‍ നിന്ന് അവര്‍ക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങള്‍ നിങ്ങളുടെ മനസ്സലിയിക്കും.
നിങ്ങള്‍ തിരക്കിലാണെങ്കില്‍ ഈ വിമര്‍ശകന്‍ തന്നെ അവരുമായി സംസാരിക്കാം. അതിവിടെ വെളിപ്പെടുത്താം. അതില്‍ വിമര്‍ശമുണ്ടാകാം. സ്ഥാനാര്‍ഥിയാവാന്‍ മോഹിച്ചതിന്റെ ദോഷം വിവരിക്കുന്ന വിമര്‍ശം,. എങ്കില്‍ വായിച്ചുതുടങ്ങാം....