29 March 2011

കൊടുങ്ങല്ലൂരിലെ പ്രതാപവും വിലാപവും

ചരിത്രമുറങ്ങുന്ന മണ്ണാണിത്. ഇവിടെ കണ്ണീരണിയരുത്. കാര്യം പാര്‍ട്ടി ദേശീയ-സംസ്ഥാന-ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റികളിലൊക്കെ ഇരിക്കാന്‍ അധികാരമുള്ള നേതാവാണെങ്കിലും കരച്ചലിന് കുറച്ചലൊന്നുമുണ്ടാവില്ല. ഒരാഗ്രഹം മാത്രമാണിപ്പോള്‍ സാക്ഷാല്‍ക്കരിച്ചതെന്ന ബോധ്യത്തില്‍ മാത്രല്ല, പോരാട്ടപാതയില്‍ നില്‍ക്കുന്നത്. നാടിന്റെ പ്രതാപം തന്നിലാണെന്ന ഉത്തമബോധ്യത്തിലാണ്. ഇതുമായി ചേര്‍ത്ത് സ്വപ്നങ്ങളനേകം കണ്ടുകഴിഞ്ഞു.
ഇനി കാക്കേണ്ടത് കൊടുങ്ങൂക്കാവിലമ്മയും തട്ടകത്തെ കാരണവന്‍മാരും അവരുടെ പിന്‍മുറക്കാരായ വോട്ടര്‍മാരുമാണ്. സ്വന്തം ചിഹ്നത്തില്‍ സ്വന്തം പേരില്‍ വോട്ടുചെയ്യാന്‍ എതിരാളിക്കാവില്ലെന്ന് പറയാം. പക്ഷെ, സിറ്റിങ് എം.എല്‍.എയുണ്ടാക്കിവച്ച പുകില് തനിക്ക് പുലിവാലായെന്ന മട്ടാണ് പുള്ളിക്ക്. എതിരാളി നിസാരക്കാരനല്ല. വോട്ടറെ പിടിച്ചാല്‍ പിടിവിടില്ല. തനിക്കുനേരെ വരുന്ന വോട്ടറാണെങ്കില്‍ മുന്‍ എം.എല്‍.എയുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്.അഞ്ചുകൊല്ലം വെറുതെയായെന്ന് പറയുന്ന നാട്ടില്‍ എം.എല്‍.എ കുറ്റിയടിച്ചുനില്‍ക്കുകയാണ്. തന്നെ ജയിപ്പിക്കാനെന്നാണ് ഉള്ളില്‍. ഇങ്ങേരിങ്ങനെ നിന്നാല്‍ ഞാനെങ്ങനെ ജയിക്കും. പോരാത്തതിന് വീടെടുത്ത് താമസിക്കാനാണ് മന്ത്രിയുടെ പരിപാടി. അതും എന്നെ 'ജയിപ്പിക്കാന്‍'. എന്റെ കാവിലമ്മേ ഇവന്‍മാരുരണ്ടും ചേര്‍ന്ന് എന്നെ തോല്‍പ്പിച്ചേ അടങ്ങൂ. ആ നാട്ടികയില്‍ നിന്ന് കുറച്ചു കോണ്‍ഗ്രസ് പ്രേമികളെത്തി പ്രതാപനെതിരെ വല്ല ചരടുവലികള്‍ നടത്താമെന്ന് പറഞ്ഞിരുന്നു. മന്ത്രി ഇവിടെ താമസമെന്നുകേട്ടതോടെ അവര്‍ പിന്‍മാറി. മന്ത്രിക്ക് മറ്റാരേക്കാളും പ്രതാപസല്ലാപമുണ്ടത്രെ. അവര്‍ ഇവിടെ വന്നെന്ന് മന്ത്രിയെങ്ങാനും അയാളോടുപറഞ്ഞാല്‍ കഥകഴിയുമെന്ന ഭീതിയാണവര്‍ക്ക്. അങ്ങനെ ആ സാധയതയും ഇല്ലാതായി.
മനസിലൊരാഗ്രഹം..നേരത്തെ പറഞ്ഞല്ലോ? അതിത്ര ഗതികേടാക്കുമെന്ന് കരുതിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇതേപേരിലുള്ള മണ്ഡലത്തില്‍ ഒന്നുനോക്കി. നടന്നില്ല. അവിടേക്ക് പാര്‍ട്ടി മാനദണ്ഡമെല്ലാം മറികടന്ന് സംസ്ഥാന നേതാവെത്തി. മന്ത്രിയായി. സ്ഥാനാര്‍ഥിയെ അറിഞ്ഞ് ദേഷ്യം വന്നപ്പോള്‍ ഒന്നു ബാംഗ്ളൂരില്‍ പോയത് ആരും ചെയ്തുപോകുന്ന കാര്യം മാത്രം. തിരിച്ചുവന്നപ്പോള്‍ മന്ത്രിയുടെ പകരക്കാരനായി താലൂക്ക് സഭയിലും ജില്ലാ വികസന സമിതിയിലും പോരാത്തതിന് കെ.എല്‍.ഡി.സിയിലും അവകാശം സ്ഥാപിക്കാനായി. ചെയ്തുപോയ തെറ്റിന് മനസില്‍ മാപ്പുപറഞ്ഞു.
ഇക്കുറി ആഗ്രഹിച്ചപോലെ സീറ്റായി. ഇനി ജയിക്കേണ്ട ബാധ്യത തനിക്കുമാത്രം. സ്വയം വരുത്തിവച്ചതാണല്ലോ?. അവിടെ എന്തുപ്രതാപം വന്നാലും ജയിക്കാനാകുമായിരുന്ന സ്ഥാനാര്‍ഥിയുണ്ട്. പക്ഷെ, അവനെ ഇപ്പോഴെ എം.എല്‍.എയാക്കിയാല്‍ പിന്നെ എനിക്കെന്തുനേട്ടം?. കുറേ വെള്ളം കുടിപ്പിച്ചവനല്ലെ, ഞാന്‍ തോറ്റാലും വേണ്ടില്ല, തല്‍ക്കാലം അവന്‍ എം.എല്‍.എയാവേണ്ട. ഞാനൊരു വീരശൂരപരാക്രമിയാണെന്ന് എങ്ങിനെ ബോധ്യപ്പെടുത്തും. ലാത്തിചാര്‍ജ്ജ് എന്നുകേള്‍ക്കുമ്പോഴേക്കും തലചുറ്റിവീഴുന്നവനാണെന്ന് പലരും കളിയാക്കുന്നു. നന്നായി പ്രസംഗിച്ചിരുന്ന ഞാന്‍ അഴീക്കോടിനെ അനുകരിക്കാന്‍ തുടങ്ങിയതോടെ വേദിയും കിട്ടാതെയായി. സ്വന്തം ശൈലി കൈവിടരുതായിരുന്നു. സംസ്ഥാന യുവജനങ്ങളെ നയിച്ചിട്ടും ഒരു മനക്കരുത്തില്ലാതെ പോയതും പ്രതിസന്ധിയായി.
കൊടുങ്ങല്ലൂരില്‍ നിന്ന് കിഴക്കോട്ടങ്ങ് അന്നമനടവരെ ഇതൊന്നും അറിയുന്നവരില്ലെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് മുന്‍ സെക്രട്ടറികൂടിയായ എം.എല്‍.എ നാട്ടുകാരുടെ ദേഹത്തും പട്ടാളചിട്ടയെടുത്തത്. നാശം.. ആ എ.എ.അഷ്റഫിനെ വേണം തല്ലാന്‍.. അയാള് റെബല്‍ നിന്നില്ലായിരുന്നെങ്കില്‍ രാധാകൃഷ്ണന്‍ വിജയിച്ചേനെ. അങ്ങിനെ കിട്ടുന്ന കച്ചിത്തുനരുമ്പില്‍ കരകയറാനും കഴിയുമായിരുന്നു. ഇനി രക്ഷ, വിജയസാധ്യതയുണ്ടായിരുന്ന അവന്‍മാരെ ഒപ്പം നിര്‍ത്തി മുന്നോട്ടുപോവുക തന്നെ...

No comments:

Post a Comment