30 March 2011

ഇങ്ങനെയൊരാള്‍ വന്നാല്‍ ഒരു ചരിത്രവും വഴിമാറില്ല

സാംസ്കാരിക തലസ്ഥാനമാണ് തൃശൂര്‍. അങ്ങിനെയെന്നുകരുതി സാംസ്കാരിക നായന്‍മാര്‍ എം.എല്‍.എയെ ആകണമെന്നില്ല. ഏതെങ്കിലുമൊരു നായരായാല്‍മതിയെന്നാണ് തൃശൂരുകാരുടെ മതം. കത്തോലിക്കര്‍ക്കുകൂടി സര്‍വ്വസമ്മതനായ നായരാണെങ്കില്‍ കേമം.
സ്ഥിരം ഒരാള്‍ സ്ഥാനാര്‍ഥിയാവരുതെന്ന യൂത്തന്‍മാരുടെ കേഴലുകള്‍ പഴങ്കഥയാണിപ്പോള്‍. നാട്ടിലിറങ്ങിയാല്‍ വോട്ടുചെയ്യുന്നവര്‍ പറയുന്നത് വേറെ കഥകളാണ്. വയസായെന്നുകരുതി ആളെ കണ്ടാല്‍ തലകുമ്പിടുന്ന സ്വഭാവം കാരണവര്‍ക്കില്ല. സാംസ്കാരിക നായകനെന്ന സ്വയം ഭാവത്താല്‍ നിസാരക്കാരെ കണ്ടാല്‍ കണ്ടഭാവം നടിക്കാത്ത സ്ഥാനാര്‍ഥി ജയിച്ചാല്‍ പിന്നെ ആരുടെ മുഖത്തും നോക്കില്ലത്രെ. 'ഇങ്ങനെയൊരാള്‍ വന്നാല്‍ ഒരു ചരിത്രവും വഴിമാറില്ല'-വോട്ടര്‍മാര്‍ ഇത്രയും പറയുമ്പോഴാണ് യുവനേതാവിന് വേദന.
'ബൈപാസ്' വഴി പാര്‍ട്ടിയില്‍ സ്ഥിരപ്രതിഷ്ഠ നേടിയതിനാല്‍ ഒന്നുംപേടിക്കേണ്ടെന്നായിരുന്നു കരുതിയത്. ആ പാവം സെക്രട്ടറിയെ 'വെട്ടാന്‍' മന്ത്രിക്കുകൂട്ടുനിന്നതിനാലാണ് ബാലറ്റിലിടം കിട്ടിയത്. മല്‍സരത്തിനിറങ്ങുമ്പോള്‍ ശരീരം വിയര്‍ക്കണം, ആളുകളെ കണ്ടാല്‍ ചിരിക്കണം, താഴെക്കിടയിലുള്ളവര്‍ക്ക് കൈ കടുക്കണം...ഇത്രയും വെറുപ്പുള്ള പരിപാടികള്‍ വേറെയില്ല. പഠിക്കുമ്പോള്‍ ഇതൊക്കെ ചെയ്യുമായിരുന്നു. നന്നായി പ്രസംഗിക്കും. ആളുകളുമായി നല്ലപോലെ ഇടപഴുകും. പഠനത്തിനിടെ തൃശൂരില്‍ പാര്‍ട്ടി സെക്രട്ടറിയാവേണ്ടി വന്നതോടെയാണ് ഈ മാറ്റമുണ്ടായതെന്ന് പിന്‍തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലായി. ഇനിയതൊന്നു മാറ്റാനാവില്ല.
പ്രസംഗിക്കാന്‍ മടി, സംസാരിക്കാന്‍ മടി, ചിരിക്കാന്‍ മടി...എന്തിനുപറയുന്നു നടക്കാന്‍പോലും മടിയാണിപ്പോള്‍. ഇതൊക്കെ ഈ നാട്ടുകാര്‍ക്കും അറിയാമെന്നതാണ് പൊല്ലാപ്പ്. സ്വന്തം നാട്ടുകാര്‍ക്കിടയില്‍ പേരിനൊരാള്‍ എന്ന മട്ടാണ്. ഇവിടെ ഇങ്ങനെയും. തലക്കനമുളള പാവങ്ങളെ ജീവിക്കാനും ഈ വോട്ടര്‍മാര്‍ സമ്മതിക്കില്ലെന്നുവച്ചാല്‍.
ഒപ്പമുള്ള ചില സാംസ്കാരിക സഹപ്രവര്‍ത്തകര്‍ക്കാണെങ്കില്‍ ഇവിടെ വോട്ടുമില്ല. വോട്ടുള്ളവരാണെങ്കില്‍ കൂട്ടുമില്ല. ഇത്തരം വേദനകളൊന്നും ആരും അറിയുന്നില്ല. മാധ്യമങ്ങള്‍ക്ക് വേണ്ടത് രാഷ്ട്രീയ ചര്‍ച്ചയാണ്. സിറ്റിങ് എം.എല്‍.എയില്‍ നിന്ന് വ്യത്യസ്ഥമായി എന്തുചെയ്തുവെന്നൊക്കെയാണ് അവര്‍ക്കറിയേണ്ടത്. തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ച അമല-മണ്ണുത്തി ബൈപാസും റിങ് റോഡുകളും പണിയുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് തൃപ്തിയായി. ഇവന്‍മാരാണ് എല്ലാറ്റിനും പ്രശ്നം. ജയിച്ചുവന്നാല്‍ എല്ലാവര്‍ക്കും എന്നെ അറിയിച്ചുകൊടുക്കും...തീര്‍ച്ച

No comments:

Post a Comment